Monday, October 3, 2011

നെല്ലിയാമ്പതി യാത്ര - ഒരു സഞ്ചാരസാഹിത്യം 2കഥ ഇതുവരെ :  ഗോവയിലേക്ക് തീരുമാനിച്ച വെക്കേഷന്‍ ട്രിപ്പ്‌ നെല്ലിയാമ്പതിയിലേക്ക്‌ മാറ്റുന്നു.  നിവിന്റെ കാറില്‍ ലിബു, പോഞ്ഞിക്കര മത്തായി എന്നിവര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നു.  അവിടെനിന്നു പാലക്കാട്ടേക്കുള്ള യാത്രാ മദ്ധ്യേ കാറപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്നു.  പാലക്കാട്ട് മംഗലംപാലത്തിനടുത്ത് സ്വപ്നനു വേണ്ടി കാത്തിരിക്കുന്നു.  തുടര്‍ന്ന് വായിക്കുക..

സ്വപ്നന്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്നും ഏതാണ്ട് ഒന്ന് രണ്ടു മണിക്കൂറ് ദൂരത്തിലാണ് ഉള്ളത് എന്നറിഞ്ഞപ്പോള്‍ സ്വപ്നനു വേണ്ടി കാത്തിരിക്കുന്ന സമയം വേറെ എന്തെങ്കിലും ഐഡിയാപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. താമസിക്കാനുള്ള സൗകര്യം റെഡിയാക്കിയിട്ടില്ലാത്തതിനാല്‍ അവിടെയിരുന്നു നെല്ലിയാമ്പതിയിലെ വിവിധ ഹോട്ടലുകളിലേക്ക് വിളിക്കാം എന്ന് കരുതി ഞാന്‍ ഫോണെടുത്തു. ആദ്യം ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്മെന്റ് ഐബിയില്‍ താമസസൗകര്യം കിട്ടുമോ എന്നറിയാന്‍ വേണ്ടി നെന്മാറ ഡി എഫ് ഓ ഓഫീസിലേക്ക്‌ കറക്കി, ഒരു ചേച്ചി ഫോണെടുത്തു, കിളിനാദം പോലെ സുന്ദരമായ ശബ്ദം, വളരെ മയമുള്ള പെരുമാറ്റം.

റൂം അവൈലബിള്‍ ആണോ എന്ന ചോദ്യത്തിന് "എന്നത്തേക്കാണ്" എന്ന് സ്നേഹപൂര്‍വ്വം ചോദിച്ചു.

ഞാന്‍ പറഞ്ഞു "ദോണ്ടെ ഒരു മണിക്കൂറിനുള്ളില്‍ എത്തും."

അങ്ങേത്തലക്കല്‍ ഞെട്ടല്‍!!  എന്നിട്ട് ഒരു ചിരിയുടെ അകമ്പടിയോടെ പതുക്കെ പറഞ്ഞു ഇന്നത്തെ യാത്രയ്ക്ക് വേണ്ടി ഇന്നാണോ റൂം ബുക്ക്‌ ചെയ്യുന്നത്? ഇതൊക്കെ നേരത്തെ ചെയ്യണ്ടേ..!!!

ബെസ്റ്റ്!!!  ചേച്ചീ ഞങ്ങള്‍ ബുക്ക്‌ ചെയ്ത റൂം ഗോവയിലുണ്ട്, അവിടന്ന് നെല്ലിയാമ്പതി വരെ അല്പം ദൂരക്കൂടുതല്‍ ഉള്ളത് കൊണ്ടാ അടുത്തു വേറെ റൂം അന്വേഷിക്കുന്നത് എന്ന് പറയാമെന്നു കരുതിയെങ്കിലും അവസാനം പോട്ടെന്നു വച്ചു.  എന്തിനു നമ്മുടെ കദനകഥ അറിയിച്ച് അവരെ കൂടെ കരയിക്കണം?  അങ്ങനെ അന്നത്തേക്ക്‌ അവിടെ റൂം ഒന്നും ഇല്ല എന്ന നഗ്നസത്യം മനസിലാക്കി ഫോണ്‍ വച്ചു.

അടുത്തതായി വിളിച്ചത്‌ ഐ ടി എല്‍ എന്ന പ്രശസ്തമായ ഹോട്ടല്‍ ശൃംഖലയിലേക്കാണ്, ഫോണ്‍ വിളിച്ചപ്പോള്‍ അവിടെ റൂം എല്ലാം ഫുള്‍.. തൊട്ടപ്പുറത്ത് മാറി അവരുടെ ഡോര്‍മിറ്ററിയില്‍ സൗകര്യം ഒരുക്കാം എന്ന് അറിയിച്ചു.  പക്ഷെ മുറിവാടക രണ്ടായിരം രൂപയാവും.  രണ്ടായിരം രൂപ ഒരല്പം അധികമാണ് എന്ന് തോന്നിയെങ്കിലും വേറെ എങ്ങും കിട്ടിയില്ലെങ്കില്‍ ഒരു പിടിവള്ളി പോലെ ഐ ടി എല്ലിനെ ഉപയോഗിക്കാം എന്ന ധാരണയില്‍ ഞങ്ങള്‍ വരുന്നുണ്ടെന്നറിയിച്ചു.  സ്വപ്നന്‍ എത്താന്‍ ഇനിയും സമയം അധികം എടുക്കുമെന്നതിനാല്‍ സ്വപ്നനെ പിന്നെ വന്ന് പിക്ക്‌ ചെയ്യാം ആ സമയം കൊണ്ട് നെല്ലിയാമ്പതിയില്‍ ചെന്ന് ചുമ്മാ സ്ഥലങ്ങള്‍ ഒക്കെ ഒന്ന് നോക്കി വയ്ക്കുന്നതിനോടൊപ്പം ബഡ്ജറ്റിനു പറ്റിയ ഒരു റൂം കിട്ടുമോന്നു അന്വേഷിക്കുകയും ചെയ്യാം എന്ന ധാരണയില്‍ ഞങ്ങള്‍ നെല്ലിയാമ്പതിയിലേക്ക് വണ്ടി വിട്ടു.  

വിശാലമായ പച്ചപ്പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള റോഡിലൂടെ ഞങ്ങള്‍ നെന്മാറയിലെത്തി അവിടെനിന്നു പോത്തുണ്ടിയിലേക്ക്‌ തിരിച്ചു.. പോത്തുണ്ടി ഡാമിന് മുന്നിലെത്തിയപ്പോള്‍ കൃത്യം ആറുമണി, സന്ദര്‍ശന സമയം അവസാനിച്ചതിനാല്‍ ഡാം അധികൃതര്‍ ഗാര്‍ഡനിലേക്കുള്ള ഗേറ്റ് അടച്ചു പൂട്ടാനൊരുങ്ങുന്നു.  അടച്ചു പൂട്ടിയതു കണ്ടതു കൊണ്ടാണോ ആവോ ബാക്കിയുള്ള മൂന്നെണ്ണത്തിനും അപ്പോള്‍ തന്നെ ഡാമില്‍ കേറിയേ തീരൂ..  നാളെ സാവകാശം വന്ന് കാണാനുള്ളതേ ഒള്ളു...  പക്ഷെ എന്ത് ചെയ്യാം ദുര്‍വാശി!!  അല്ലാതെന്തു പറയാന്‍!!  മൂന്നും കൂടെ ഗാര്‍ഡുമാരെ ചെന്ന് കണ്ടു അകത്ത് കേറാനുള്ള പെര്‍മിഷന്‍ ചോദിച്ചു.  സന്ദര്‍ശനസമയം കഴിഞ്ഞതിനാല്‍ ഇനി അകത്ത് കേറാന്‍ പറ്റില്ലെന്ന് അവര്‍..  ലിബു പതിനെട്ടാമത്തെ അടവെടുത്തു..  സാറേ...  ഞങ്ങള്‍ ആമസോണ്‍ മഴക്കാടുകളില്‍ നിന്ന് ടാക്സി പിടിച്ച് വന്നത് തന്നെ ഈ സുന്ദരസുരഭില ഡാം കാണാനാണ് എന്നോ മറ്റോ പറഞ്ഞു അങ്ങേരുടെ മനസിളക്കി.. പെട്ടെന്ന് കണ്ടിറങ്ങണം എന്ന കണ്ടീഷനില്‍ ആ പാവം മനുഷ്യന്‍ ഞങ്ങളോട് ഡാമില്‍ കയറിക്കോളാന്‍ പറഞ്ഞു.  എന്തോ അന്താരാഷ്ട്ര നയതന്ത്രപദ്ധതി നടപ്പാക്കിയ ഭാവത്തോടെ ലിബു ഞങ്ങളെ നോക്കി.  സമയം കളയാതെ തന്നെ ഞങ്ങള്‍ ഡാമിന് മുകളിലേക്ക് കയറി...  മനുഷ്യര്‍ക്ക് നടക്കാനുള്ള സ്റ്റെപ്പില്‍ മുഴുവന്‍ പശു ചാണകം മെഴുകി ശുദ്ധിയാക്കി വച്ചിട്ടുണ്ട്.. ഇവറ്റകള്‍ക്ക് അപ്പുറത്തെങ്ങാനും പോയി അപ്പിയിട്ടൂടെ??  ഈരണ്ടു സ്റ്റെപ്പുകള്‍ വീതം ചാടിച്ചാടി ഒരുവിധം ഡാമിന് മുകളിലെത്തി.  വിശാലമായ റിസര്‍വോയര്‍. മുകളില്‍ കാണുന്ന നെല്ലിയാമ്പതി മലനിരകളില്‍ നിന്നാണ് ഇങ്ങോട്ട് വെള്ളമെത്തുന്നത്. നെന്മാറയുടെയും സമീപപ്രദേശങ്ങളുടെയും കൃഷിആവശ്യങ്ങള്‍ക്ക് ആവശ്യമായ വെള്ളം സംഭരിച്ച് വിതരണം ചെയ്യുക എന്നതാണ് പോത്തുണ്ടി ഡാമിന്റെ പ്രധാനജോലി.  ഡാമിന് താഴെയായി മനോഹരമായ ഒരു ഉദ്യാനവും തയ്യാറാക്കിയിട്ടുണ്ട്.  ഡാമിന് മുകളില്‍ അല്‍പ സമയം ഫോട്ടോ സെഷനുവേണ്ടി ചിലവഴിച്ചു,  സൂര്യന്‍ പടിഞ്ഞാറന്‍ മാനത്ത് കിടന്നു നട്ടംതിരിയുന്നു.  മുങ്ങാനുള്ള പ്ലാനാണ്.  അല്‍പസമയം അവിടെ നിന്ന് പ്രകൃതിഭംഗി ആസ്വദിച്ചു നിന്നു.  സന്ദര്‍ശനസമയം അവസാനിച്ചതിനാല്‍ അധികം നേരം അവിടെ നിന്ന് കറങ്ങാന്‍ അനുവാദം ലഭിച്ചിട്ടില്ല. ദുരിതബാധിതപ്രദേശം കാണാനെത്തിയ കേന്ദ്രസംഘത്തെപ്പോലെ ഡാമിലൂടെ കണ്ടു കണ്ടില്ല എന്ന മട്ടിലുള്ള ഓരോട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കി ഞങ്ങള്‍ പോത്തുണ്ടിയില്‍ നിന്നിറങ്ങി.

ഇനി നെല്ലിയാമ്പതിമലയിലേക്കുള്ള കയറ്റമാണ്.  പക്ഷെ പോത്തുണ്ടിയില്‍ നിന്ന് അങ്ങോട്ടുള്ള ഞങ്ങളുടെ  യാത്ര ഫോറസ്റ്റ്‌ വക ചെക്ക്‌ പോസ്റ്റ് ഗേറ്റിലെ സ്റ്റോപ്പ്‌ എന്നെഴുതിയ ബോര്‍ഡിനു മുന്നിലവസാനിച്ചു.  അവിടെ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണം.  നേരമിരുട്ടിക്കഴിഞ്ഞാല്‍ ആന, പുലി, കടുവ എന്നീ വിശിഷ്ടവ്യക്തികള്‍ ഡിന്നറിംഗിനിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കാടിനകത്തൂടെ എട്ടെട്ടരയ്ക്ക് ശേഷം ഗതാഗതം അനുവദിക്കാറില്ല. ഇവിടന്നങ്ങോട്ട് കടന്നു കഴിഞ്ഞാല്‍ ആ രാത്രി പിന്നെ സ്വപ്നനെ വിളിക്കാന്‍ തിരിച്ചു പോരുന്നത് ഏറെക്കുറെ അസാധ്യവും അപകടകരവുമായതിനാല്‍ തിരിച്ചുപോയി സ്വപ്നനെ കൂടെ കൂട്ടി വന്ന്  എട്ടുമണിയോടെ ഞങ്ങള്‍ ചെക്പോസ്റ്റ്‌ കടന്നോളാം എന്ന് ഗാര്‍ഡ്‌ ഏമാന്റെ തലയിലടിച്ച് സത്യം ചെയ്ത് ഞങ്ങള്‍ വണ്ടി മംഗലംപാലത്തേക്ക് തിരിച്ചു വിട്ടു. 

ആറേമുക്കാലോടെ ഞങ്ങള്‍ മംഗലംപാലത്തിനവിടെ രണ്ടാമതെത്തിയിട്ടും മൂന്നുമണിക്കെത്താം എന്ന് പറഞ്ഞ സ്വപ്നന്‍ മാത്രം എത്തിയിട്ടില്ല.  ഇനി പുലര്‍ച്ചെ മൂന്നു മണിയാണോ ഇദ്ദേഹം ഉദ്ദേശിച്ചത് ആവോ??  അങ്ങനെ അവിടെ നില്‍ക്കുന്ന നേരം കൊണ്ട് അല്പം ഡീസല്‍ അടിച്ചാല്‍ അതൊരു മുതല്‍ക്കൂട്ടാവും എന്ന ധാരണയില്‍ ഞങ്ങള്‍ തൊട്ടപ്പുറത്ത് ഒന്നൊന്നരകിലോമീറ്റര്‍ മാറി ഒരു പമ്പില്‍ ചെന്ന് വണ്ടിക്ക് വയറു നിറച്ചും ഡീസല്‍ വാങ്ങിക്കൊടുത്തു.  ഈ സമയം മിസ്റ്റര്‍ ലിബുവും പോഞ്ഞിക്കരയും കൂടെ തൊട്ടടുത്ത ഒരു ബിവറേജസിന്റെ മുന്നില്‍ ചുമ്മാ, വെറും ചുമ്മാ പോയി ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.  അപ്പോഴാണ്‌ വീരശൂരപരാകൃമി സ്വപ്നന്‍, താന്‍ വന്ന ബസ്സിന് മംഗലംപാലത്തില്‍ സ്റ്റോപ്‌ ഇല്ലാത്തത് കൊണ്ട് ആ സ്ഥലം കഴിഞ്ഞുള്ള വേറെ ഏതോ സ്റ്റോപ്പില്‍ വന്നിറങ്ങിയിരിക്കുകയാണ് എന്ന സന്തോഷവാര്‍ത്ത ഫോണില്‍ വിളിച്ചറിയിച്ചത്‌.   ബെസ്റ്റ്‌!!  ഇനി മാപ്പെടുത്ത് സ്വപ്നന്‍ വന്നു പതിച്ചിരിക്കുന്ന സ്ഥലം മാര്‍ക്ക്‌ ചെയ്യണം!! ഓരോ കുരിശുകള്‍ ബസ്സ് കേറി വരുന്നതേ!!! സ്വപ്നന്‍ വന്നിറങ്ങിയിരിക്കുന്ന സ്ഥലം ഏതാണെന്ന് സ്വപ്നനു വലിയ പിടിപാടില്ലാത്തതിനാല്‍ സ്വപ്നന്‍ ഫോണിലൂടെ ഒരു വഴിപോക്കനെകൊണ്ട് ഞങ്ങളോട് സംസാരിപ്പിച്ചു.  ഒരു പെട്രോള്‍ പമ്പിന് സൈഡില്‍ ഉള്ള ബിവറേജസിനു മുന്നിലുണ്ട് ഞങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ അങ്ങേര്‍ക്ക്‌ കൃത്യമായി ഞങ്ങളുടെ സ്ഥലം മനസിലാവുകയും അവിടെ നിന്ന് സ്വപ്നന്‍ നില്‍ക്കുന്ന ദിശയിലേക്കുള്ള വഴി പറഞ്ഞുതരികയും ചെയ്തു.  സമയം കളയാതെ ഞങ്ങള്‍ അവിടെ ചെന്ന് സ്വപ്നനെ കൈപ്പറ്റി.  വീണ്ടും തിരിച്ച് നെല്ലിയാമ്പതിയിലേക്ക്‌...  


നെല്ലിയാമ്പതിയിലെക്ക് പോകുന്ന വഴി ആഗോളപരിസ്ഥിതിപ്രവര്‍ത്തകനും, സിറ്റിസണ്‍ ജേര്‍ണലിസ്റ്റും, സര്‍വ്വോപരി ബസ്സര്‍മാര്‍ കയ്യിലെടുത്തു അമ്മാനമാടുന്നവനുമായ പൊതുകാര്യപ്രസക്തന്‍ ശ്രീ ഹരീഷ് മടിയനെ ഫോണില്‍ വിളിച്ചു അദ്ദേഹത്തിനു പരിചയമുള്ള വല്ല ഹോട്ടല്‍ റൂമുകളും ഡിസ്കൌണ്ട് പ്രൈസില്‍ കിട്ടാന്‍ സാധ്യതയുണ്ടാവുമോ എന്നന്വേഷിച്ചു.  അദ്ദേഹം ആഗോളതാപനം മൂലം കാശ്മീര്‍ താഴ്വരകളിലെ ആടുകള്‍ക്കുണ്ടാവുന്ന അകിടുവീക്കത്തെക്കുറിച്ച് പഠിക്കാനും, മഞ്ഞുരുക്കി വെള്ളമാക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാനും വേണ്ടി വടക്കെവിടെയോ പോയിരിക്കുകയാണ് എന്ന് അപ്പോഴാണ്‌ അറിഞ്ഞത്.  അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചെങ്കിലും അദ്ദേഹത്തിനു പരിചയമുള്ളിടത്തെല്ലാം ഞങ്ങള്‍ ആദ്യമേ വിളിച്ച് രണ്ടാലൊന്ന് തീരുമാനമാക്കിക്കഴിഞ്ഞതായിരുന്നു.  സാരമില്ല, നെല്ലിയാമ്പതിയില്‍ നാല് പേര്‍ക്ക് താമസിക്കാന്‍ ഏകദേശം രണ്ടായിരത്തോളം തന്നെ തുകയാവും എന്ന് ആശ്വസിപ്പിച്ചു(?)കൊണ്ട് മടിയന്‍ ബൈ പറഞ്ഞു ഫോണ്‍ വച്ചു.  ഇതിനിടെ ഐ ടി എല്‍ ജീവനക്കാര്‍ വിളിച്ച് ഭക്ഷണം കരുതണോ? വൈകുമോ? വൈകിയാല്‍ ചെക്ക്‌ പോസ്റ്റില്‍ ഐ ടി എല്‍ ഗസ്റ്റ്‌ എന്ന് മാത്രം പറഞ്ഞാ മതി, കടത്തി വിടും എന്നൊക്കെ പറയുന്നുണ്ടായിരുന്നു.  .  ഭക്ഷണം ഞങ്ങള്‍ പുറത്തുനിന്ന് കഴിച്ചോളാം എന്ന് അവരോടു പറഞ്ഞിട്ട് ഞങ്ങള്‍ നെന്മാറ പോസ്റ്റോഫീസ്‌ ജങ്ക്ഷനിലെ കിങ്ങ്സ്‌ ഫുഡ്‌ കോര്‍ട്ടില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി യാത്ര തുടര്‍ന്നു.  ചെക്ക്‌ പോസ്റ്റിലെ ഗാര്‍ഡിന് വാക്കുകൊടുത്ത പോലെ കൃത്യം എട്ടുമണിയോടെ ഞങ്ങള്‍ ചെക്ക്‌ പോസ്റ്റു കടന്നു. 

ഇരുട്ട്നിറഞ്ഞ കാട്ടിനകത്തുകൂടെ ഹെഡ്‌ലൈറ്റിന്റെ മാത്രം വെളിച്ചത്തില്‍ ഞങ്ങള്‍ മുന്നോട്ടു നീങ്ങി.. മുന്നിലോ പുറകിലോ എതിരെയോ മറ്റുവാഹനങ്ങളില്ല.   യാത്രയങ്ങനെ മുന്നോട്ടുപോയിക്കൊണ്ടിക്കുമ്പോഴാണ് ഒരാശ്വാസമെന്നോണം ഒരു ജീപ്പും അതിനു പിന്നാലെ ഒരു ബൈക്കും എതിരെ വന്നത്.  പക്ഷെ ആ ആശ്വാസം വലിയൊരു അപകടസൂചനയുമായാണ് കടന്നു വന്നത്.  വഴിയില്‍ ആനക്കൂട്ടം ഇറങ്ങി നില്‍പ്പുണ്ട് പോവുമ്പോള്‍ സൂക്ഷിക്കണം എന്ന് ബൈക്കുകാര്‍ മുന്നറിയിപ്പ് തന്നു.   ഡ്രൈവര്‍ സീറ്റിലിരുന്ന നിവിന്റെ നെഞ്ചിനകത്തുകൂടെ ഒരു വെള്ളിടി പാഞ്ഞു.  എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.  പായ വിരിച്ച് ഉറങ്ങാന്‍ കിടന്ന സകലദൈവങ്ങളെയും ആ ഇച്ചിരി നേരം കൊണ്ട് നിവിന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചു.   അവന്‍ വണ്ടിയൊതുക്കി. ആരെങ്കിലും പുറകെ വന്നിരുന്നെങ്കില്‍ ഒരുമിച്ചു പോവാമായിരുന്നു.  മുന്നോട്ടു പോയാല്‍ ആനയുടെ മുന്നില്‍ ചെന്ന് ചാടും..  അവിടെ തന്നെ നിര്‍ത്തിയിട്ടാല്‍ ഒരുപക്ഷെ ആന നമ്മുടെ മുന്നില്‍ വന്നു ചാടും.  രണ്ടായാലും അപകടമാണ്.  നിവിന്റെ വിറയല്‍, സ്റ്റീയറിംഗ് വീല്‍ വഴി ഒഴുകി വണ്ടി മൊത്തം വിറപ്പിച്ചു നിന്നു. ഒടുവില്‍ ലിബുവിന്റെ പ്രേരണയില്‍ അവന്‍ വണ്ടി മുന്നോട്ടെടുത്തു.  ആന വഴിയിലുണ്ടാവില്ല.. നീ ധൈര്യമായി വണ്ടിയെട് എന്ന് കട്ടായം പറഞ്ഞു ഞാനവനെ ആശ്വസിപ്പിച്ചു.  പോഞ്ഞിക്കര കണ്ണുരണ്ടും ഇറുക്കിപ്പിടിച്ചിരുന്നു.  സ്വപ്നന്‍ ആന കുത്താന്‍ വരുമ്പോള്‍ എങ്ങനെ ഓടണം എന്നതിനെ പറ്റി ഒരു ക്ലാസെടുക്കുന്നുണ്ടായിരുന്നു.  അതോടെ നിവിന്റെ ഒള്ള ജീവന്‍ കൂടെ പോയി.  ഈ സമയംകൊണ്ട് നിവിന്‍ വണ്ടിയുടെ ഹോണ്‍ ടോണ്‍ മാറ്റി ആനക്കൂട്ടത്തെ പേടിപ്പിക്കാന്‍ പറ്റാവുന്ന വിധത്തിലുള്ളതാക്കിയിട്ടിരുന്നു.  അവിടെ നിന്നു ഓരോ മീറ്ററിലും ശ്രദ്ധയോടെ വീക്ഷിച്ച് ഓരോ വളവിലും ചുറ്റും നോക്കി  ഏതു നിമിഷവും മുന്നില്‍ കണ്ടേക്കാവുന്ന ആനക്കൂട്ടത്തെ പ്രതീക്ഷിച്ച്  അവന്‍ പതുക്കെ  വണ്ടി മുന്നോട്ടു കൊണ്ടുപോയി. 

എന്റെ കൂടെയുള്ള ഈ നാലെണ്ണത്തിനെയും ആനകുത്തിയാല്‍ ഞാനെങ്ങനെ കൊച്ചിയിലേക്ക്‌ തിരിച്ചു പോവും എന്ന ആലോചനയിലായിരുന്നു ഞാന്‍, കൂട്ടത്തില്‍ ഒരു കുട്ടിയാന സ്വപ്നനെ കടിക്കാന്‍ ഓടിച്ചിടുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു രസിച്ചു..  നിശബ്ദവും ഉദ്യേഗഭരിതവുമായി മുന്നോട്ടു പോയ ആ യാത്രയില്‍ മുന്നില്‍ ഒരു നിയോണ്‍പ്രകാശിതമായ ജങ്ക്ഷന്‍ കണ്ടതും നിവിനില്‍ നിന്നു ആശ്വാസസൂചകമായ ഒരു ദീര്‍ഘനിശ്വാസം പുറത്തുവന്നു. കുറേനേരംകൂടി അവന്റെ മുഖത്ത് ഒരു ചെറുചിരി വന്നതപ്പോഴായിരുന്നു. തന്നെ പേടിപ്പിച്ച ബൈക്കുകാരെ രണ്ടോമൂന്നോ തലമുറ വരെ തെറി പറഞ്ഞ് അവന്‍ ആശ്വാസം കൊണ്ടു  ആ ജങ്ക്ഷനില്‍ ഒന്നുരണ്ടു പേര് നില്‍പ്പുണ്ട്.  ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി ആശ്വാസഭാവത്തോടെ ചുറ്റുപാടും നോക്കി.   അവരോടു ഐ ടി എല്ലിലേക്കുള്ള വഴിയന്വേഷിച്ചു നില്‍ക്കെ ഒരു ജീപ്പ്‌ ആവഴി കടന്നുപോയി.  ഞങ്ങള്‍ക്ക്‌ പോവേണ്ട ഐ ടി എല്‍ അവിടെ നിന്നും വീണ്ടും ആറു കിലോ മീറ്റര്‍ അപ്പുറത്താണ് എന്നതിന്റെ കൂടെ അവര്‍ ഒന്നുകൂടെ പറഞ്ഞു.  ആനയിറങ്ങിയിട്ടുണ്ട്.  ആ ജീപ്പിന്റെ പുറകെ പോയാല്‍ ഒറ്റപ്പെടാതെ പോവാന്‍ പറ്റും.   അത് കേട്ടതോടെ നിവിന്റെ മുഖത്തെ ചിരി ടിഷ്യു പേപ്പര്‍ കൊണ്ട് തുടച്ച പോലെ മാഞ്ഞു.  പുറത്തിറങ്ങിയ എല്ലാത്തിനോടും വേഗം തിരിച്ചു കയറാന്‍ പറഞ്ഞ് അവന്‍ വണ്ടിയെടുത്തു, ഞങ്ങള്‍ വണ്ടിയില്‍ ചാടിക്കയറി, ജീപ്പ്‌ പോയ വഴിയേ അനുഗമിച്ചു.  ജീപ്പ്‌ കണ്ണില്‍ നിന്നു മറഞ്ഞിരിക്കുന്നു.  നിവിന്‍ ജീപ്പിനു പിന്നാലെയെത്താന്‍ പരമാവധി നോക്കുന്നുണ്ട്.  നിവിന്‍ മനസ്സില്‍ വീണ്ടും സകലദൈവങ്ങളുടെയും ശ്രദ്ധക്ഷണിച്ച് പ്രമേയമവതരിപ്പിച്ചു.  ജീപ്പ്‌ മുന്നോട്ടു പോയി കഴിഞ്ഞു.  അപ്പോഴാണ്‌ ഐ ടി എല്‍ റിസോര്‍ട്ട്സിന്റെ മെയിന്‍ ഹോട്ടല്‍ കണ്ടത്‌.  ഈ അടിയന്തിരാവസ്ഥയില്‍ അവിടെ റൂമുണ്ടോ എന്നന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.     അവിടെ ഗാര്‍ഡനില്‍ ഒരു പിക്നിക്‌ ടീം ക്യാമ്പ്‌ ഫയര്‍ കൂട്ടി നൃത്തം ചെയ്യുന്നുണ്ടായിരുന്നു.  ബാക്കിയുള്ളവന്മാര്‍ ഈ രാത്രി ആനയുടെ ചവിട്ടുകൊണ്ട് സ്റ്റാമ്പ്‌ ആവാന്‍ പോവുമ്പോ അവളുമാര് ഡാന്‍സ്‌ കളിക്കുന്നു.  ദൈവമേ ഇതെന്തൊരു ലോകം!!     എങ്കിലും നയനാനന്ദകരമായ ആ നൃത്തം കണ്ട് ഞങ്ങള്‍ അല്‍പനേരം ആശ്വസിച്ചു.  

ഇനി റൂം അവൈലബിള്‍ ഉള്ളത് ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ തന്നെ ഐ ടി എല്‍ ഡോര്‍മിറ്ററിയിലാണ്.  അങ്ങോട്ട്‌ ഇനിയും ദൂരമുണ്ട്.    രണ്ടും കല്‍പ്പിച്ച് പോവാന്‍ തന്നെ തീരുമാനിച്ച് ഞങ്ങള്‍ വണ്ടിയെടുത്തു.   അങ്ങനെ ഞങ്ങള്‍ വീണ്ടും ആനക്കൂട്ടത്തെ പ്രതീക്ഷിച്ചു കൊണ്ട് യാത്ര തുടര്‍ന്നു.  പക്ഷെ നിവിന്‍ വിളിച്ചുകൂട്ടിയ ദൈവങ്ങളുടെ അടിയന്തിര ഇടപെടലെന്നവണ്ണം ആനക്കൂട്ടം ആ യാത്രയിലും ഞങ്ങളുടെ മുന്നിലെത്തിയില്ല.

കുറച്ചു കെട്ടിടങ്ങള്‍ ഉള്ള ഒരു ചെറിയ ജങ്ക്ഷനില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.  ഐ ടി എല്‍ ഡോര്‍മിറ്ററി എവിടെയെന്ന് അറിയില്ല.  ബോര്‍ഡ്‌ ഒന്നും കാണുന്നില്ല  ഇനി എങ്ങോട്ട് പോവണമെന്നും അറിയില്ല.  വഴി ചോദിക്കാന്‍ റോഡില്‍ ആരെയും കാണുന്നില്ല.  അപ്പോഴാണ്‌ അവിടെ ഓറഞ്ച് വാലി എന്ന പേരില്‍ ഒരു ഗസ്റ്റ് ഹൗസ്‌ കണ്ടത്‌.  ഞങ്ങള്‍ അവിടെയിറങ്ങി അന്വേഷിച്ചു.  ഭാഗ്യത്തിന് അവിടെ റൂമുണ്ട്, പക്ഷെ അതിലും രസം ഐ ടി എല്ലില്‍ ആവശ്യപ്പെട്ടതിനേക്കാള്‍ പകുതി വാടകയേ അവിടെ ഉള്ളൂ എന്നതാണ്.  എല്ലാം കൊണ്ടും ഓടിവന്നു കേറിയ സ്ഥലം മോശമില്ല എന്ന ധാരണയില്‍ ഞങ്ങള്‍ അവിടെ റൂം എടുത്തു.  എങ്കിലും റൂമിലേക്ക്‌ കയറുന്നതിനു മുന്നേ നിവിന്‍ ചെയ്തത് അവിടിരുന്ന ബക്കറ്റില്‍ അല്പം വെള്ളമെടുത്ത് വിന്‍ഡ്‌ ഷീല്‍ഡിലേക്ക് വെള്ളമൊഴിക്കാനുള്ള സ്റ്റോറേജില്‍ നിറയ്ക്കുകയായിരുന്നു.  പിന്നെ വണ്ടി വിസ്താരമായിട്ടൊന്നു നനച്ചു. തുടര്‍ന്ന് ലഗേജുകള്‍ എല്ലാം എടുത്തു റൂമില്‍ കയറി. ടിവി, വാട്ടര്‍ ഹീറ്റര്‍ എന്നീ സൌകര്യങ്ങളോടെ ഞങ്ങള്‍ അഞ്ചു പേര്‍ക്കും വിശാലമായി കിടക്കാന്‍ സൌകര്യമുള്ള  സാമാന്യം വലുപ്പമുള്ള നല്ലൊരു റൂമായിരുന്നു അത്. 

ആകെമൊത്തം പതിനാറു ചാനലുകള്‍ നൂറ്റമ്പത് ചാനല്‍ മെമ്മറിയിലും ടൂണ്‍ ചെയ്തു വച്ചിരിക്കുന്ന ടിവിയില്‍ മലയാളം പരിപാടികള്‍ക്ക്‌ വേണ്ടി സര്‍ച് ക്ഷീണിച്ചപ്പോള്‍ ഇനി ഭക്ഷണം കഴിക്കാം എന്ന നിര്‍ദ്ദേശം വന്നു. കിംഗ്‌സ് ഫുഡ്‌ കോര്‍ട്ടില്‍ നിന്ന് വാങ്ങിയ പൊറോട്ടയും ചപ്പാത്തിയും രുചികരമായ ചില്ലിചിക്കനും, ബീഫ് ഫ്രൈയും കൂടെ അല്പം 'ബാര്‍ലെ' വെള്ളവും കഴിച്ചു കൊണ്ടിരിക്കെ ഞങ്ങള്‍ നാല് പേരും കൂടെ സ്വപ്നനു  ദൈവവിശ്വാസത്തെക്കുറിച്ചുള്ള ക്ലാസുകള്‍ നല്‍കി.  എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്ന ഭാവത്തോടെ സ്വപ്നന്‍ അതെല്ലാം കേട്ടിരിക്കുകയും തന്നാലാവുന്ന ദുര്‍ബലവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.  ഉപദേശിച്ച് ഉപദേശിച്ച് ഞങ്ങളുടെ വായിലെ വെള്ളവും പ്രത്യേകം കരുതിയിരുന്ന "ബാര്‍ലെ" വെള്ളവും വറ്റിയതോടെ ക്ലാസ്‌ അവസാനിപ്പിച്ചു.  ഇതിനിടയിലെപ്പോഴോ ബസ്സിന്റെ രോമാഞ്ചം ശ്രീ നല്ലി നിവിനെ വിളിച്ച് ഞങ്ങളുടെ സ്ഥിതിഗതികള്‍ തിരക്കുന്നുണ്ടായിരുന്നു.  ഞങ്ങളോട് സ്നേഹമുള്ള ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് അപ്പോള്‍ മനസിലായില്ലെങ്കിലും പിറ്റേന്നു രാവിലെ ഓര്‍ത്തപ്പോള്‍ മനസിലായി.  പിന്നെ ചിരികളികളുമായി രാവേറെ ചെല്ലുന്നത് വരെ അവിടെ ഒരങ്കമായിരുന്നു. തുടര്‍ന്നും അവിടെ പലതും സംസാരിച്ചെന്നു പറയപ്പെടുന്നു.   രാത്രിയില്‍ സ്വപ്നന്‍ ആലിപ്പഴം പെറുക്കിക്കഴിക്കാന്‍ ഇറങ്ങാന്‍ പോയെങ്കിലും ലിബു ഇടപെട്ടു തിരികെ കൊണ്ടുവരികയായിരുന്നു എന്നും പറയപ്പെടുന്നു.  എന്തായാലും സംഭവബഹുലമായ ഒരു വിനോദയാത്രയുടെ ആദ്യ പകുതി അവസാനിപ്പിച്ച് ഞങ്ങളെല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു.   നാളെ അതികാലെ എഴുന്നേറ്റ് പ്രഭാതം പൊട്ടിവിടര്‍ന്നോ, സൂര്യരശ്മികള്‍ തളിരിട്ടോ എന്ന് നോക്കുവാനായി പോവേണ്ടതാണ്. 


(തുടരും)

No comments: