Monday, October 3, 2011

ചിരിയുടെ തൃശൂര്‍ പൂരം


2011 സെപ്റ്റംബര്‍ 3 ശനിയാഴ്ച നടന്ന തൃശൂര്‍ മീറ്റിന്റെ വിശേഷങ്ങള്‍

നിവിന്റെ ബ്രാന്‍ഡ്‌ന്യൂ ഓഡി സ്വിഫ്റ്റില്‍ ആണ് വടക്കുംനാഥസന്നിധിയിലേക്ക് പോവാന്‍ തീരുമാനിച്ചത്‌!!   ഇക്കാര്യം അറിഞ്ഞതോടെ ഐറിമോന്‍ ഞങ്ങളുടെ ഓഡിയില്‍ ഒരു സീറ്റ്‌ ബുക്ക്‌ ചെയ്തു..  ഞങ്ങള്‍ മൂന്നുപേരു കേറിയാലും പിന്നേം ഒരു സീറ്റ്  ബാക്കി വരുന്നത് കൊണ്ട്  സ്വതവേ പരോപകാരപ്രവണനായ ഞാന്‍ ആരെയെങ്കിലും സഹായിക്കാന്‍ മുട്ടി നില്‍ക്കുവായിരുന്നു... അങ്ങനെയാണ് മീറ്റിനു വരുന്നവര്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അരിയുണ്ട, നെയ്യപ്പം തുടങ്ങിയ ഘനപലഹാരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അതുല്ല്യാമ്മുമ്മയുടെ ചുക്കിചുളിഞ്ഞ മുഖം എന്റെ മനസിലേക്ക് വന്നത്..  നമ്പര്‍ എടുത്തു കറക്കി അതുല്ല്യാമ്മയെ വിളിച്ചു...  ആദ്യമേ തന്നെ അതുല്യാമ്മയുടെ പ്ലാന്‍ അറിയണം... ഞാന്‍ അതുല്യാമ്മയോടു ചോദിച്ചു  "നാളെ എങ്ങനെയാ തൃശൂര് വര്വാ.."  അപ്പോള്‍ കിട്ടിയ മറുപടി എന്നെ കണ്ണുകളെ  ഈറനണിയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ...  പാവം ഈ വയസു കാലത്ത് അരിയുണ്ടയും നെയ്യപ്പവും ചുമന്നു രാവിലെ എട്ടുമണിക്കുള്ള ബസ്സിനു വരാനായിരുന്നു പ്ലാന്‍!!  തൃശൂരിലേക്കുള്ള ബസ്സും കാത്ത് വിഷമിച്ചു കുത്തിയിരിക്കുന്ന അതുല്യാമ്മയെ ഞാനൊരുനിമിഷം മനസില്‍ കണ്ടു!!  ശ്ശൊ എനിക്ക് സഹിക്കാന്‍ വയ്യ!!!   ഞാന്‍ പറഞ്ഞു നാളെ ഒരു കാറ് വരുന്നുണ്ട് കേറുന്നോ? കേട്ടപാതി കേള്‍ക്കാത്ത പാതി അതുല്യാമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടി!!  പക്ഷെ ഒരു കണ്ടീഷന്‍, നെയ്യപ്പവും അരിയുണ്ടയും തൃശൂര് എത്തിയിട്ടേ തരൂ..  അങ്ങനെ അഗ്രീമെന്റ് സൈന്‍ ചെയ്ത് രാവിലെ എട്ടരയോടെ പാലാരിവട്ടം ജങ്ക്ഷന്റെ നടുക്ക് വന്നു നില്‍ക്കാന്‍ ശട്ടം കെട്ടി!

മീറ്റ് ദിവസം രാവിലെ അഞ്ചരയോടെ പത്തനംതിട്ടയില്‍ നിന്നിറങ്ങിയ നിവിന്‍ എട്ടെകാലോടെ മത്തായി വിഷന്റെ ആസ്ഥാനമന്ദിരത്തിനടുത്തുള്ള നാഷണല്‍ ഹൈവേയില്‍ എത്തി  ഞങ്ങള്‍ രണ്ടും കൂടെ അവിടന്ന് അതുല്ല്യാമ്മയെ പിക്കാന്‍ പാലാരിവട്ടം ലക്ഷ്യമാക്കി കുതിച്ചു.  ഇതിനിടെ അതുല്ല്യാമ്മ  സൈലന്റ് മോഡില്‍ ആയിരുന്ന എന്റെ ഫോണിലേക്ക് ഒന്നിലധികം വിളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരിക്കുകയായിരുന്നു. (അതിനുള്ള തെറി കിട്ടി ബോധിച്ചു)  ഫോണില്‍ മിസ്‌കോള്‍ കണ്ടു ഞാന്‍ തിരിച്ചു വിളിച്ച് പ്ലാന്‍ പ്രകാരം പാലാരിവട്ടം ജങ്ക്ഷനില്‍ വന്നു നില്‍ക്കാന്‍ പറഞ്ഞു.. അങ്ങനെ പാലാരിവട്ടം ആപ്പിള്‍ എ ഡേ ബില്‍ഡിങ്ങിന്റെ മുന്നില്‍ നിന്ന് അതുല്ല്യാമ്മയെ കിട്ടി.. കൂടെ ഒരു ബാഗും!!  അവിടന്ന് യാത്ര തുടര്‍ന്ന ഞങ്ങള്‍ ആലുവ കമ്പനിപ്പടി ജങ്ക്ഷനടുത്തുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് ഐറിമോനെ വിഡ്രോ ചെയ്തു കാറില്‍ കയറ്റി!!  യാത്ര ഇനി ത്രിശിവപേരൂരേക്ക്..  

സ്വദേശത്തെയും വിദേശത്തെയും കഥകളും പരദൂഷണങ്ങളുമായി ദേശീയപാതയിലൂടെ മഴയെ കുറ്റം പറഞ്ഞ്    ഞങ്ങള്‍ തൃശൂരെത്തി..  നാഷണല്‍ ഹൈവേയില്‍ നിന്ന് തൃശൂരിലേക്കുള്ള റോഡിലേക്ക് കടന്നപ്പോള്‍ പരിപാടിയുടെ മുഖ്യ സംഘാടകനും ലൈഫ്‌ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്ണിലുണ്ണിയുമായ ഹബി വിളിച്ചിട്ടു താന്‍ ഏതോ ബ്ലോക്കില്‍ കുടുങ്ങി തൃശൂരേക്ക് അതിവേഗം ബഹുദൂരം കടന്നു വരുന്നതായി അറിയിച്ചു..  മീറ്റ് നടക്കുന്നിടത്ത് മത്താപ്പും വാസുവും വന്നു നില്‍ക്കുന്നുണ്ടാവും എന്നും അറിയിച്ചു..  ഇതിനിടെ രാവിലെ ഒന്നും കഴിക്കാതെയിറങ്ങിയതിനാല്‍ ആഘോഷമായ ഒരു ബ്രേക്ക്‌ഫാസ്റ്റിനു സാധ്യതയുണ്ടായിരുന്നു..  അതുകൊണ്ട് ഞങ്ങള്‍ക്ക്‌ ബ്രേക്ക്‌ഫാസ്റ്റ്‌ വാങ്ങിത്തരാനുള്ള  ചുമതല ഞങ്ങളുടെ മാതൃതുല്യയായ അതുല്യാമ്മയെ ഞങ്ങള്‍ (കെട്ടി)ഏല്‍പ്പിച്ചു!!  അങ്ങനെ തൃശൂര്‍ റൌണ്ടിലുള്ള പ്രശസ്തമായ പത്തന്‍സ് ഹോട്ടലിലേക്ക്‌ കയറി ചൂടില്ലാത്ത മസാലദോശയും പരിപ്പ്കറിയും (അവര് സാമ്പാര്‍ എന്ന് പറയുമത്രേ) ചൂട് കാപ്പിയും കഴിച്ചു ഫാസ്റ്റ്‌ ബ്രേക്ക്‌ ചെയ്തു!!  ഐറി രാവിലെ അപ്പമോ മുട്ടക്കറിയുമോ മറ്റോ കഴിച്ച് നാശ്തയാക്കിയതാണേലും ടേബിള്‍ മാനെഴ്സ്‌ കണക്കിലെടുത്ത് നെയ്‌റോസ്റ്റും വടയും കഴിക്കുന്നതില്‍ യാതൊരു അലംഭാവമോ മടിയോ കാണിച്ചില്ല.  മൊത്തം ബില്ല് സ്നേഹസമ്പന്നയും വാല്‍സല്യനിധിയുമായ അതുല്യമമ്മി പേ ചെയ്തു!!  പത്തന്സില്‍ നിന്നും അതുല്യാമമ്മിയുടെ പേഴ്സണല്‍ ആവശ്യങ്ങള്‍ക്കായി റെഡിയാക്കിയ സെവന്‍സ്റ്റാര്‍ (ക്രിസ്മസ് കാലത്ത്‌) ഹോട്ടല്‍ റൂമില്‍ ചെന്ന് ചെക്കിന്‍ ചെയ്തു ബാഗും വച്ചു തിരിച്ചിറങ്ങി വീണ്ടും റൌണ്ടില്‍ കയറി.  ഈ സമയം സ്വപ്നനെ വിളിച്ചെങ്കിലും ഉച്ചയ്ക്ക് മാത്രമേ ഓഫീസില്‍ നിന്ന് റിലീസ്‌ ഓര്‍ഡര്‍ വരൂ എന്ന സങ്കടവാര്‍ത്തയായിരുന്നു സ്വപ്നനു പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്!   തുടര്‍ന്ന് മത്താപ്പിനെ വിളിച്ചു.  മത്താപ്പും വാസുവും റൌണ്ടില്‍ തന്നെ ഏതോ സി എം എസ് സ്കൂളിന്റെ മുന്നില്‍ വായ്‌ നോക്കി നില്‍ക്കുന്നു എന്ന വിവരമനുസരിച്ച് റൗണ്ടിനു ചുറ്റും സ്കൂള് തപ്പി വണ്ടിയോടിച്ചു.  ഈ സമയം തേക്കിന്‍കാട് മൈതാനിയില്‍ കയറി കുറച്ചുനേരം ഇരിക്കാം എന്ന അതുല്യാമ്മയുടെ ആവശ്യത്തിന് മുന്നില്‍ NO എന്ന ഭാവേന കാര്‍ തന്റെ വൈപ്പര്‍ ഇട്ടു കാണിച്ചു!!   "രണ്ടാമത്തെ പത്തന്‍സ്‌" ഹോട്ടലും കണ്ടു കാറ് മുന്നോട്ടു പോയപ്പോ തൃശൂര് മീറ്റ്‌ എന്ന് പറയുന്നത്  "വടക്കുംനാഥനെ അന്തിയോളം പ്രദക്ഷിണം വച്ചു" പിരിയുന്നതില്‍ ഒതുങ്ങുമോ എന്നൊരു പേടി തോന്നിയിരുന്നെങ്കിലും  വടക്കുംനാഥന്‍ തന്നെ സ്കൂള് കണ്ണില്‍ പെടുത്തിയതിനാല്‍ അധികം കറങ്ങേണ്ടി വന്നില്ല!   സ്കൂളുകാര് ഓടിച്ചതിനാലോ മറ്റോ വാസുവും മത്താപ്പും തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ പെട്രോള്‍ ഒഴിച്ചു കൊടുക്കാന്‍ നില്‍ക്കുന്ന ചേച്ചിയെ നോക്കി നില്‍ക്കുവായിരുന്നു!!!   ഞങ്ങളുടെ വണ്ടി കണ്ടതോടെ രണ്ടും കൂടെ ഇരച്ചു കയറി, കാറ് ഒരുമാതിരി സ്കൂള്‍ ട്രിപ്പ് പോവുന്ന ഓട്ടോറിക്ഷപോലെയായി!!  നാവിഗേറ്റര്‍ സീറ്റിലിരുന്ന എന്റെ മടിയില്‍ കയറിയിരുന്നു മത്താപ്പ് താല്‍ക്കാലിക നാവിഗേറ്റര്‍ ആയി.   പുറകില്‍ വലതുവശത്ത്‌ കൂടെ വാസു കയറിയപ്പോ ഇടതു ഡോര്‍ തുറന്നു അതുല്ല്യാമ്മ റോഡില്‍ വീഴുമോ എന്ന് ഞാന്‍ ശങ്കിച്ചു!! വണ്ടി സെന്‍ട്രല്‍ ലോക്കില്‍ ഇട്ടതിനാലും അതുല്ല്യാമ്മ അള്ളിപ്പിടിച്ചിരുന്നതിനാലും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല.   താല്‍ക്കാലിക നാവിഗേറ്റര്‍ ആയി ചുമതലയേറ്റ മത്താപ്പ് "ഇനി വണ്ടി മദ്രാസില്‍ ചെന്നിട്ട് നിര്‍ത്തിയാല്‍ മതി" എന്ന ഗര്‍വാസീസാശാന് ഭാവേന ശക്തന്‍ പാലസിലെക്കുള്ള വഴി പറഞ്ഞു.   ദൈവം സഹായിച്ചു മീഡിയനുകളും റൌണ്ട് അബൌട്ടുകളും ഒന്നുരണ്ടു തവണ മാത്രം ചുറ്റി ഞങ്ങള്‍ പുരാവസ്തുവകുപ്പ്‌ മ്യൂസിയം എന്നെഴുതിയ ബോര്‍ഡിനു സമീപത്തെ ഗേറ്റിനു മുന്നില്‍ കാര്‍ എത്തിച്ചു.

തൃശൂര്‍ മീറ്റ് എന്നപേരില്‍ മീറ്റ് വേദിയില്‍ എത്തിയ ആദ്യ ബാച്ച് - ഞങ്ങള്‍ ആറുപേര്‍!!   മീറ്റ്‌  കോ ഓര്‍ഡിനേറ്റര്‍ ഹബി ഞങ്ങളുടെ മുന്നില്‍ ഒരു അദൃശ്യ ചോദ്യചിഹ്നം പോലെ നിന്നു.  വിളിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ആ പഴയ അതിവേഗം ബഹുദൂരത്തില്‍ തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്..  അതായത് അദ്ദേഹത്തിന്‍റെ മഹനീയ സാന്നിധ്യം ഇല്ലാതെ തന്നെ മീറ്റ് തുടങ്ങണം!  കുറച്ചു നേരത്തിനുള്ളില്‍ നാട്ടുകാരനും വിക്കിപീഡിയനുമായ മനോജ്‌ ഒരു മന്ദമാരുതന്‍  പോലെ നിശബ്ദമായി വന്നെത്തി.  ഈ സമയം വാസു തന്റെ "ആരാധനാമൂത്ത്രികളായ" വീഎം, മുള്ളൂക്കാരന്‍, പട്ടേട്ട് എന്നിവര്‍ക്ക്‌ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്  തയ്യാറാക്കി കൊണ്ടുവന്ന ബാനര്‍ ഞങ്ങളെ പ്രദര്‍ശിപ്പിച്ചു.   അങ്ങനെ അല്‍പസ്വല്പം ഫോട്ടോയും എടുത്ത്‌ ഞങ്ങള്‍ ഏഴുപേര്‍ പുരാവസ്തു മ്യൂസിയത്തിന്റെ മുന്നില്‍ പോസ്റ്റായി നിന്നു.  അപ്പോഴാണ്‌ എറണാകുളത്തുനിന്നു "വിക്ഷേപിച്ച" ഒരു വാഗണ്‍ ആര്‍ തൃശൂര് നഗരപ്രാന്തങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വിവരം കിട്ടിയത്‌, വേദവ്യാസന്‍ എന്ന രാകേഷ്‌ ആര്‍, അദ്ദേഹം തൃശൂരിലെ ഓരോ അരിയും പെറുക്കി ഒടുക്കം മത്താപ്പിന്റെയും മനോജിന്റെയും സഹായത്തോടെ മ്യൂസിയത്തിന് മുന്നില്‍ എത്തിച്ചേര്‍ന്നു. 

അങ്ങനെ എട്ട് പേര്‍ എന്ന മാന്ത്രിക സംഖ്യയോടെ ഞങ്ങള്‍ പാലസിനുള്ളിലെക്ക് കടന്നു.  അരിയുണ്ടയും നെയ്യപ്പവും ഉള്ള പ്ലാസ്റ്റിക്‌ കവര്‍ എന്റെ കയ്യിലായിരുന്നത് സെക്ക്യൂരിറ്റിക്കാരന്‍ കണ്ടുപിടിച്ചു.  അങ്ങേരു തടഞ്ഞു നിര്‍ത്തി!!  ശേഷം പ്ലാസ്റ്റിക്‌ കൊട്ടാരപരിസരത്ത്‌ നിക്ഷേപിക്കില്ല എന്ന വാക്കിന്റെ ഉറപ്പില്‍ അങ്ങേരു ഫ്ലാറ്റായി!! കൊട്ടാരത്തിനകത്തെക്ക് ആനയിച്ചു!  ടിക്കറ്റെടുത്തു മ്യൂസിയത്തില്‍ കയറുന്നതിനു മുന്നായി അടുത്തുള്ള  ഗാര്‍ഡനിലേക്ക് കയറി.  മീറ്റിന്റെ ഒന്നാം ഘട്ടത്തിന് അങ്ങനെ ശുഭാരംഭം ആയി..  ശുഭകരമായകാര്യങ്ങള്‍ നടക്കുമ്പോള്‍ മധുരം കഴിക്കണം എന്നാണല്ലോ.  അതുല്ല്യാമ്മ കൊണ്ടുവന്ന നെയ്യപ്പവും അരിയുണ്ടയും അങ്ങനെ വിതരണം ചെയ്തു.. കൂടെ മനോജ്‌ കൊണ്ടുവന്ന തേങ്ങാപീരയും ശര്‍ക്കരയും മറ്റും ഉള്ള രുചിയുള്ള ഒരു പലഹാരവും..  ഇതിനിടെ ആ ഗാര്‍ഡന്‍ പണ്ട് രാജാവിന്റെ മരിച്ചുപോയ പിതൃക്കളെ സംസ്കരിക്കാനാണ് ഉപയോഗിച്ചത്‌ എന്ന തീസീസ് ഐറി മോന്‍ മീറ്റില്‍ അവതരിപ്പിച്ചു..  ചിത്രശലഭോദ്യാനം എന്ന ബോര്‍ഡിനെ ആരോ പിതൃശവോദ്യാനം എന്നാക്കി മാറ്റിയത് കണ്ടിട്ടാണ് ഐറിക്ക് ഈ തീസീസ് മനസ്സില്‍ തോന്നിയത്‌..  വന്‍  ആര്‍ക്കിയോളജിക്കല്‍ വാല്യു ഉള്ള ആ തീസീസ് അംഗീകരിച്ചുകൊണ്ട് ഞങ്ങള്‍ അരിയുണ്ടയും കഴിച്ച് പാലസിന്റെ മുറ്റത്തേക്ക് നടന്നു.  ഇതിനിടയില്‍ ഫോട്ടോ പിടുത്തവും ഗംഭീരമായി നടന്നു.  

വിശാലമായ കൊട്ടാരത്തിന്റെ കവാടത്തിനു മുന്നിലെ ചെറിയ രാജകീയപോര്‍ച്ചില്‍ ഞങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങളുമായി കൂടി ബാക്കിയുള്ളവരെയും പ്രതീക്ഷിച്ചിരിപ്പായി.  കൊട്ടാരത്തിന്റെ വലിയഗേറ്റ് കടന്നു ആദ്യം വന്നത് സ്കൂളിലേക്ക് കേറുന്ന ഭാവത്തോടെയുള്ള ഒരു കുട്ടിയായിരുന്നു..  അടുത്തത്തിയപ്പോഴേക്കും അത് ശങ്കരന്‍ ബാഗും തൂക്കിവരുന്നതാണ് എന്ന് മനസിലായി.   അധികം വൈകാതെ ഗേറ്റിനടുത്ത് നിന്നും വിനായകചതുര്‍ഥിക്ക് കടലില്‍ നിമജ്ഞ്ജനം ചെയ്യാന്‍ വലിച്ചുകൊണ്ടുപോകുന്ന കൂറ്റന്‍ ഗണപതിരൂപം പോലെ തട്ടിയും തടഞ്ഞും അല്പം സൈഡ് വലിവും ഒക്കെയായി മെല്ലെ മെല്ലെ കിച്ചുത്ത കേറി (നിരങ്ങി?) വന്നു.  അല്‍പസമയത്തിനുള്ളില്‍ മീറ്റ്‌ "സംഘാടകനന്‍" ഹബി ഒരു കൂളിംഗ് ഗ്ലാസും വച്ച് അനിമേഷിന്റെ കൂടെ സ്ലോ മോഷനില്‍ വന്നു കേറി..  ഹബി വന്ന പാടെ തല്ലു കിട്ടാവുന്നിടത്തൊക്കെ ചെന്ന് വൈകിയതിനും കൊണ്ടുവരാമെന്ന് ഉറപ്പു പറഞ്ഞ രാമശേരി ഇഡലി മറന്നതിനും സമസ്താപരാധം പറഞ്ഞു കോംപ്ലിമെന്റ്സ് ആക്കി..  ഹബിയുടെ തലവെട്ടം കണ്ടതോടെ കൊട്ടാരത്തിന്റെ വാതിലുകള്‍ ഉച്ചവിശ്രമത്തിനായി അടഞ്ഞു.  നല്ല ഐശ്വര്യം!!!  അതോടെ മ്യൂസിയത്തിനകത്തുകയറുന്നത് ഉച്ചകഴിഞ്ഞാവാം എന്ന് തീരുമാനിച്ച്  അടഞ്ഞ വാതിലിനു മുന്നിലിരുന്നു എല്ലാരും കൂടെ ഗ്രൂപ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ബസ്സിന്റെ രോമാഞ്ചം ഫെമിമോള്‍ കൂടെ ഒരു ബന്ധുമോളെയും കൂട്ടി കടന്നു വരുന്നത്.  അങ്ങനെ ഫെമിയെയും കൂട്ടി ഗ്രൂപ്‌ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ഉച്ചഭക്ഷണത്തിലേക്ക്‌ തിരിഞ്ഞു.

ഉച്ചഭക്ഷണത്തിന്റെ വേദിയായി തീരുമാനിച്ചിരുന്നത് റൌണ്ടിനടുത്തുള്ള ടാമറിന്‍റ്  ഹോട്ടല്‍ ആയിരുന്നു.  പാലസിലെത്തിച്ചേര്‍ന്ന പതിനാലു പേരുമായി മൂന്നു  കാറുകള്‍ ടാമറിന്‍റ് ലക്ഷ്യമാക്കി പാഞ്ഞു.   ഇനിയും എത്തിച്ചെര്‍ന്നിട്ടില്ലാത്ത സുബിന്‍ (പേനകം കുറുക്കന്‍)  മിഥുന്‍ എന്നിവരോട് ടാമറിന്റില്‍ വന്നാല്‍ മതി എന്ന് അറിയിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അങ്ങനൊരു ഹോട്ടലേ അറിയില്ല.  പക്ഷെ പാരഗണ്‍ ബാര്‍ എന്ന് പറഞ്ഞതോടെ ഹോട്ടലിന്റെ ജ്യോഗ്രഫിക്കല്‍ കോഓര്‍ഡിനേറ്റ്സ് അടക്കം ലൊക്കേഷനും റൂട്ട് മാപ്പും കുറുക്കനു വ്യക്തമായി പിടികിട്ടി!   കാറുകള്‍ റൌണ്ടിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഇട്ടു അതുല്ല്യാമ്മയുടെ നേതൃത്വത്തില്‍ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് റാലിയായി ഞങ്ങള്‍ പതിനാലു പേര്‍ റോഡ്‌ മുറിച്ചു കടന്നു.  തൃശൂര്‍ ജനത കണ്ണുംമിഴിച്ച് നോക്കി നിന്നു.  ആരവവും ബഹളവും ചിരിയുമായി ഫുട്പാത്തിലൂടെ നടന്നു നീങ്ങിയ റാലി പാരഗണ്‍ ബാറിനു മുന്നിലെ ടാമറിന്‍റ് ഹോട്ടലിലേക്കുള്ള സ്റ്റെയറിനു മുന്നിലെത്തി നിന്നു..  കുഞ്ഞാടുകള്‍ക്ക് വഴി തെറ്റാതിരിക്കാന്‍ ബാറിലേക്കുള്ള എന്‍ട്രന്‍സില്‍ അതുല്യാമ്മ ക്രൈസ്റ്റ്‌ ദി റെഡീമറേപ്പോലെ കൈവിരിച്ചു നിന്നു.  ഹോട്ടലില്‍ കയറിയപ്പോള്‍ ഹോട്ടലുകാര്‍ക്ക്‌ വല്ലാത്ത സന്തോഷം, അവരാദ്യമായിട്ടാണോ എന്തോ അങ്ങനെ ഒരു ചാകര കാണുന്നത്..   എല്ലാര്‍ക്കും ഒരുമിച്ചിരിക്കാന്‍ ടേബിള്‍ ഒക്കെ അടുപ്പിച്ചു ചെയര്‍ ഒക്കെ റെഡിയാക്കി വന്നപ്പോഴേക്കും കുറുക്കനും മിഥുനും ഹാജര്‍ വച്ചു..  എല്ലാര്‍ക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ തിരക്കില്ലാത്ത ഒരു ഹോട്ടല്‍ കിട്ടിയ ഞങ്ങളുടെ സന്തോഷവും ഇത്രേം ആള്‍ക്കാരെ ഒരുമിച്ചു കിട്ടിയതിനാല്‍ ഹോട്ടലുകാരുടെ സന്തോഷവും കൂടി ആകെ മൊത്തം സന്തോഷഭരിതമായ നിമിഷങ്ങള്‍.   ഈ സമയത്ത്‌  ഈ രംഗങ്ങള്‍ ക്യാമറയില്‍ ഒപ്പിഎടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ മല്‍സരിച്ചു.  തുടര്‍ന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.   എല്ലാവര്ക്കും മീല്‍സ് ഓര്‍ഡര്‍ ചെയ്യാനുള്ള ഹബിയുടെ തീരുമാനം "നുളയിലെ മുള്ളിക്കളഞ്ഞു കൊണ്ട്" ഞാന്‍ രാജകീയമായി ചിക്കന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തു.  അപ്പോഴേക്കും മീല്സില്‍ ഒതുങ്ങുമായിരുന്ന അഞ്ചു പേര്‍ കൂടെ ബിരിയാണി ഓര്‍ഡര്‍ ചെയ്തതോടെ സപ്ലയറുടെ മുഖം തെളിഞ്ഞു.  ഇതിനിടെ അതുല്യാമ്മയ്ക്ക് വെജ് മീല്‍സ് പ്രത്യേകം വേണം എന്ന് പറഞ്ഞെങ്കിലും മീല്‍സിനായി കൊണ്ടുവന്ന താലത്തില്‍ മീന്‍ കറിയുടെ പാത്രം ഉണ്ടായിരുന്നു.  മത്താപ്പ് അത് മീന്‍ കറിയല്ല എന്ന് ശക്തമായി വാദിച്ചെങ്കിലും ആ കറി രുചിച്ചു നോക്കിയവര്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം അതുല്യാമ്മ ആ കറിപാത്രം മാറ്റിവയ്ക്കുകയാണ് ഉണ്ടായത്‌.   മത്താപ്പിന്റെ വാക്ക് കേട്ട് അതുല്ല്യാമ്മയെങ്ങാനും ആ മീന്‍ കറി രുചിച്ചിരുന്നുവെങ്കില്‍ വല്ല "ഡിപ്രഷനും" വന്നു അതുല്ല്യാമ്മ മാനസികരോഗി ആയെക്കുമെന്നു ഞാന്‍ ഭയപ്പെട്ടിരുന്നു.  അങ്ങനെയായിരുന്നേല്‍ ബസ്സില്‍ ഒരു യുദ്ധം തന്നെ നടന്നെനേം!!  ബസ്സോണര്‍മ്മാരോട് ഞാനെന്തു സമാധാനം പറയും??  എന്തായാലും പടച്ചോന്‍ സഹായിച്ച് അങ്ങനെയൊരു അപകടം ഉണ്ടായില്ല!!  

ഞങ്ങള്‍ ഭക്ഷണം കഴിച്ചു കഴിയാറായപ്പോള്‍ സ്വപ്നന്‍ കേറി വന്നു.  ടാമറിന്‍റ് എന്നു തന്നെ പേരുള്ള ഏതോ ബീയര്‍ പാര്‍ലറില്‍ ഞങ്ങളെ അന്വേഷിച്ച് കറങ്ങി ക്ഷീണിച്ചാണ് സ്വപ്നന്‍ മീറ്റ്‌ നടക്കുന്ന ടാമറിന്‍റ് ഹോട്ടലിലേക്ക്‌ എത്തിയത്‌.  സ്വപ്നനു ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, ഞങ്ങള്‍ ഭക്ഷണശേഷമുള്ള ആര്‍മ്മാദവും ഐസ്ക്രീമും ഫോട്ടോയെടുപ്പുമായി നില്‍ക്കുന്ന സമയത്ത്‌ വേദവ്യാസന്‍ സോഡയില്‍ നാരങ്ങ പിഴിഞ്ഞ് പഞ്ചസാരയും ഉപ്പും എല്ലാം കൂടെ കലര്‍ത്തി സേവിക്കുന്നുണ്ടായിരുന്നു.  എന്തിനായിരുന്നോ ആവോ?  എല്ലാം കഴിഞ്ഞ്  ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്തു ജാഥയായിത്തന്നെ പുറത്തേക്കിറങ്ങിയപ്പോള്‍ ഉടനെ തിരിച്ചുകേറിയാല്‍ ഹോട്ടല്‍ ജീവനക്കാരുടെ സന്തോഷനൃത്തം കാണാം എന്ന് ഐറി അഭിപ്രായപ്പെട്ടു.  ഭക്ഷണം കഴിഞ്ഞതോടെ വലിയൊരു ഉത്തരവാദിത്വം നിറവേറ്റിയ പ്രതീതിയില്‍ കുറുക്കന്‍ മീറ്റിനോട് വിട പറഞ്ഞു.  പരോള്‍ സമയം തീര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഫെമിയും ഫെമിയുടെ കൂടെ വന്ന കുട്ടിയും ഈ അവസരത്തില്‍ വികാരനിര്‍ഭരമായി മീറ്റിനോട് വിട പറയുകയായിരുന്നു.. (ബാക്ക്ഗ്രൗണ്ടില്‍ "വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍") വീണ്ടും കാണാം എന്ന് പറഞ്ഞു ഷേക്ക്‌ ഹാന്റ് നല്‍കി ഞങ്ങള്‍ ഇരുവരെയും യാത്രയാക്കി.  തുടര്‍ന്ന് വീണ്ടും അതുല്ല്യാമ്മയുടെ നേതൃത്വത്തില്‍ ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടാക്കി ഞങ്ങള്‍ റോഡ്‌ തിരിച്ച് ക്രോസ് ചെയ്തു തേക്കിന്‍ കാട് മൈതാനിയില്‍ പ്രവേശിച്ചു.  തൃശൂര്‍ ജനത വീണ്ടും കണ്ണുതള്ളി, കൂടെ കേരള പോലീസും. ഒരു അഞ്ജാതനും!!    തേക്കിന്‍ കാട് മൈതാനിയില്‍ അല്‍പനേരം ചിലവഴിക്കുന്നതിനിടയില്‍ മെലോഡി മീറ്റില്‍ തന്റെ ശബ്ദസാന്നിധ്യം അറിയിച്ചു.   ഇതിനിടെ അതുല്ല്യാമ്മ നടത്തിയ ചില ചരടുവലികള്‍ ലക്‌ഷ്യം കണ്ടു. തല്‍ഫലമായി മീറ്റില്‍ നിന്ന് ഔദ്യോഗികമായി പിരിഞ്ഞു പോയ ഫെമിയും ബന്ധുവും തുമ്പയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പോലെ തിരിച്ചെത്തി!!  ഞങ്ങളെ വിട്ടുപോവാന്‍ മനസ് അനുവദിക്കുന്നില്ലത്രേ..  (തിരിച്ചുപോവാനുള്ള വണ്ടിക്കാശ് ഇല്ലാഞ്ഞത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ആദ്യം സന്ദേഹിച്ചെങ്കിലും മീറ്റിന്റെ ആവേശങ്ങള്‍ ഇട്ടെറിഞ്ഞു പോവാനുള്ള വിഷമം കൊണ്ടാണ് തിരിച്ചു വന്നത് എന്ന് പിന്നീട് മനസിലായി... പുവര്‍ ഗേള്‍സ്‌!!)  തുടര്‍ന്ന് അവിടെ നിന്ന് മ്യൂസിയത്തിലേക്ക് പോവാന്‍ തീരുമാനമെടുത്തു.   

മ്യൂസിയത്തിലേക്ക് പോവുന്ന സമയം സ്വപ്നനും വാസുവും മീറ്റിനോട് ഔദ്യോഗികമായി വിട പറഞ്ഞു.  ബാക്കിയുള്ളവരെയും പെറുക്കിക്കൂട്ടി ഞങ്ങള്‍ വീണ്ടും മ്യൂസിയത്തിന്റെ കവാടത്തില്‍ എത്തിച്ചേര്‍ന്നു.   ബാക്കിയുള്ളവര്‍ക്ക്‌ കൂടെ ടിക്കറ്റെടുത്ത് ഞങ്ങള്‍ വീണ്ടും "പിതൃക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന" ചിത്രശലഭോദ്യാനത്തില്‍ കയറി.  ഉദ്യാനസന്ദര്‍ശനം പകുതിവഴിയില്‍ എത്തിയപ്പോള്‍ മഴപെയ്തതോടെ ബാക്കി മീറ്റ് കുടയ്ക്ക് കീഴെയായി!!   ഇതിനിടെ എവിടെയോ ഒളിച്ചിരുന്ന ഫെമി ദേഹത്ത് വെള്ളം വീണതോടെ പ്രാണരക്ഷാര്‍ത്ഥമെന്നോണം ഓടിവരുന്നത് കണ്ടിരുന്നു.  അലര്‍ജിയാവാം!! പാവം!!   കുടയ്ക്ക് കീഴെ സ്ഥലം കിട്ടാഞ്ഞവര്‍ മരത്തിനു കീഴെ പ്രകൃതിവാദികളായി നിലകൊണ്ടു!!   മഴ മാറില്ല എന്ന് മനസിലായതോടെ ഉദ്യാനസന്ദര്‍ശനം വെട്ടിച്ചുരുക്കി മ്യൂസിയത്തിന്റെ മുന്നിലേക്ക്‌ തിരിച്ചു ചെന്നു.  തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ശക്തന്‍ തമ്പുരാന്‍ വച്ച വാള് കാണാന്‍ മ്യൂസിയത്തിനകത്ത് കയറി പക്ഷെ അതുല്ല്യാമ്മയും കൂട്ടരും കൊട്ടാരത്തിനകത്തു കയറാന്‍ അനുവാദമില്ലാത്ത കുടിയാന്മാരെ പോലെ മുറ്റത്ത്‌ നിന്നതേ ഒള്ളു.   അപ്പോഴേക്കും പത്തനംതിട്ടവരെയുള്ള ദൂരവും സമയവും മനക്കണക്ക് കൂട്ടി നിവിന്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയിരുന്നു.  തുടര്‍ന്ന് മ്യൂസിയത്തിനകത്ത് ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങള്‍ പുറത്തിറങ്ങി.   പിന്നെ മീറ്റ് പിരിയുന്നതിന്റെ നടപടിക്രമങ്ങളായിരുന്നു.  മീറ്റ് പിരിയുന്ന ഘട്ടത്തില്‍ ഐറിസിന്റെ വക ആചാരവെടിയെന്നവണ്ണം കൊട്ടാരമുറ്റത്തിരുന്ന പീരങ്കി എന്റെ നെഞ്ചത്ത് വെച്ചു പൊട്ടിക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും തലനാരിഴയ്ക്ക്  ഞാന്‍ രക്ഷപ്പെട്ടു.  കൊട്ടാരത്തിന്റെ മുറ്റത്ത്‌ നിന്ന് കുറച്ചു ചിത്രങ്ങള്‍ കൂടി എടുത്തു തമാശകളും പങ്കു വച്ചു ഞങ്ങള്‍ പരസ്പരം വീണ്ടും കണ്ടുമുട്ടാമെന്ന വാക്ക് നല്‍കി നാല് മണിയോടെ ഉപചാരം ചൊല്ലിപിരിഞ്ഞു.

പൊട്ടിച്ചിരിയുടെ ഒരു തൃശൂര് പൂരം തന്നെയായിരുന്നു തൃശൂര്‍ മീറ്റ്‌..   മീറ്റില്‍ ആദ്യാവസാനം പങ്കെടുത്തവര്‍ ഇത്രേം ചിരിച്ചു മറിഞ്ഞ ഒരു ദിവസം വേറെ ഉണ്ടാവില്ല.  വീണ്ടും ഇതുപോലുള്ള ആയിരമായിരം മീറ്റുകള്‍ നമുക്കിടയില്‍ സംഭവിക്കട്ടെ എന്നാശിക്കുന്നു....

പൂരനഗരിയില്‍ നിന്നും ബസ് മീറ്റ് വിശേഷങ്ങളുമായി
നിങ്ങളുടെ സ്വന്തം
മത്തായി വിഷന്‍
(ചിത്രങ്ങള്‍ക്ക്‌ മീറ്റ്‌ ബസ്സുകള്‍ സന്ദര്‍ശിക്കുക)

No comments: