Monday, October 3, 2011

നെല്ലിയാമ്പതി യാത്ര - ഒരു സഞ്ചാരസാഹിത്യം

ഇത്തവണ വെക്കേഷന് കാറില്‍ ഗോവയ്ക്ക് വിട്ടാലോ എന്ന നിവിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഗോവന്‍ യാത്രയെക്കുറിച്ച് ഒരു വിദഗ്ധ പഠനം നടത്തി പോവേണ്ട വഴിയും മറ്റും മനപ്പാഠമാക്കി "ഇനി ഒന്നും നോക്കണ്ട!!! ചലോ ഗോവാ" എന്ന മോഡില്‍ റെഡിയായിരുന്നപ്പോഴാണ് പത്തനംതിട്ടയില്‍ നിന്നും ഗോവയിലേക്കുള്ള ദൂരത്തെക്കുറിച്ച് ടിയാന് വ്യക്തമായ കാഴ്ചപ്പാടും കൈവിറയും ഉണ്ടായത്‌..  യാത്രക്കിടയില്‍ ഒരത്യാവശ്യത്തിന് സ്റ്റീയറിംഗ് വീല്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ "വണ്ടി വേണേല്‍ ഓടിക്കാം; പക്ഷെ ഗോവയില്‍ തന്നെ  എത്തുമെന്ന് വലിയ ഉറപ്പൊന്നുമില്ല" എന്ന നിലപാടില്‍ നില്‍ക്കുന്ന ഞാനും സ്വപ്നനും മാത്രമേ ഒള്ളു എന്ന് അവനു മനസിലായത് കൊണ്ട് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളെ ഗോവ എന്ന് പുനര്‍നാമകരണം ചെയ്തു ഞങ്ങള്‍ ഗോവ(നെല്ലിയാമ്പതി)യിലേക്ക്‌ മാപ്പ് വരച്ചു.

അങ്ങനെ യാത്രാദിവസം രാവിലെ ഏഴുമണിയോടെ പത്തനംതിട്ടയില്‍ നിന്ന് നിവിന്‍ തന്റെ (ഒന്നൊന്നര വര്ഷം മുന്‍പത്തെ) ബ്രാന്‍ഡ്‌ ന്യൂ സുസുകി സ്വിഫ്റ്റ്‌ കാറില്‍ പുറപ്പെട്ടു.  ഞാന്‍ കൊച്ചിയില്‍ നിന്നും സ്വപ്നന്‍ പാലക്കാട് നിന്നും യാത്രയില്‍ കൂടും എന്ന ധാരണയില്‍ കാറ് പാഞ്ഞു.. നിവിന്റെ കൂടെ രണ്ടു സുഹൃത്തുക്കളും കാറിലുണ്ട്..  മിസ്റ്റര്‍ ലിബുവും മിസ്റ്റര്‍ പോഞ്ഞിക്കരയും.  അങ്ങനെ മൂന്നും കൂടെ പത്തു പത്തരയോടെ നമ്മുടെ സ്വന്തം രാജ്യവും തലസ്ഥാനനഗരിയുമായ മരട് മുന്‍സിപ്പാലിറ്റിയുടെ തെക്കേ അതിര്‍ത്തി കടന്നു.  അവിടന്ന് ടൊയോട്ടയുടെയും ഫിയറ്റിന്റെയും ടാറ്റയുടെയും ഷെവര്‍ലെറ്റിന്റെയും മിസ്തുബിഷിയുടെയും ഷോറൂമുകള്‍ കടന്നു ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിനും ലെ മെറീഡിയന്‍ ഹോട്ടലിനും മുന്നിലൂടെ ഓഡി ഷോറൂം കഴിഞ്ഞു വോള്‍വോ ഷോറൂമിനും ബെന്‍സ്‌ ഷോറൂമിനും ഇടയില്‍ എമ്പറര്‍ പ്ലാസ എന്ന റെസ്റ്ററന്റിനു ഒപോസിറ്റായി ഹൈവേയുടെ സൈഡ് ചേര്‍ന്ന് അവര്‍ സ്വിഫ്റ്റ്‌ പാര്‍ക്ക്‌ ചെയ്തു എന്നെ കാത്തു നിന്നു (ഹോ സ്വന്തം മുന്‍സിപ്പാലിറ്റിയുടെ പ്രത്യേകതകള്‍ പറയാന്‍ ഒരവസരം കിട്ടുന്നത് എങ്ങനാ കളയുക).
അഞ്ചു മിനിട്ടിനുള്ളില്‍ ഞാനെത്തി.  അങ്ങനെ ഞങ്ങള്‍ എല്ലാരും കൂടെ ഹോണ്ടയുടെയും മഹീന്ദ്രയുടെയും ഫോക്സ്വാഗന്റെയും ഷോറൂമുകള്‍ കടന്നു മരട് മുന്‍സിപ്പാലിറ്റിയുടെ വടക്കേ അതിരു പിന്നിട്ടു യാത്ര തുടര്‍ന്നു (തല്ലണ്ട; മരട് ഇവിടെ തീര്‍ന്നു).  (ഇതിനിടെ കാറിന്റെ നൈട്രജന്‍ ലെവല്‍ (ഷുഗര്‍ ലെവല്‍ പോലെ എന്തോ) ചെക്ക് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് മരട് മുന്‍സിപ്പാലിറ്റിയിലെ തന്നെ ഗ്ലോബല്‍ ടയേഴ്സ്‌ എന്ന സ്ഥാപനത്തില്‍ കയറ്റി ചെക്ക് ചെയ്തതിനു (ഭാഗ്യത്തിന്) അവരു പത്തുനയാപൈസ പോലും ഈടാക്കിയില്ല എന്ന കാര്യവും അഭിമാനപുരസരം ഇവിടെ അറിയിച്ചുകൊള്ളുന്നു.  പത്തനംതിട്ടയില്‍ ഏതോ ഒരു കൂറ ടയറു കടയില്‍ അതേ ജോലിക്ക് അവിടത്തുകാര്‍ ചാര്‍ജ്‌ ഈടാക്കി എന്ന കാര്യവും നിങ്ങളെ അറിയിക്കട്ടെ.. മരട് മുന്‍സിപ്പാലിറ്റി ഒരു വന്‍പ്രസ്ഥാനമാണ് എന്ന് ഇനിയും നിങ്ങളോട് പ്രത്യേകം പറയണ്ടല്ലോ). 
 വിശാലമായ നാലുവരിപ്പാതയിലൂടെയുള്ള യാത്ര പറയത്തക്ക സംഭവവികാസങ്ങളില്ലാത്തതായിരുന്നു, പ്രായത്തിന്റെ കേടു കൊണ്ടാണോ ആവോ ഡ്രൈവര്‍ നിവിന്‍ ഓരോ മൂന്ന് കിലോമീറ്ററിനിടയ്ക്കും വിന്‍ഡ്‌ ഷീല്‍ഡിലേക്ക് വെള്ളം ചീറ്റിച്ചു വൈപ്പര്‍ ഇട്ടുകളിക്കുന്നുണ്ടായിരുന്നു..  വണ്ടിയോടിച്ചു ബോറടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കളിക്കാന്‍ കാറ്കമ്പനികള്‍ നല്‍കുന്ന ഓരോ ഓപ്ഷനുകളെയ്!!!!സ്വപ്നന്‍ കൃത്യം മൂന്നു മണിക്ക് പാലക്കാട്ട് വച്ചു യാത്രയില്‍ ജോയിന്‍ ചെയ്യും എന്ന് ഉറപ്പു കിട്ടിയത് കൊണ്ട് മൂന്നു മണിയോടെ പാലക്കാട് എത്തിയാല്‍ മതി എന്ന പ്ലാനിങ്ങില്‍ ഞങ്ങള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം മാപ്പില്‍ വരച്ചു ചേര്‍ത്തിരുന്നു..  ഹൈവേ മീഡിയനില്‍ അതിരപ്പിള്ളി വലത്തോട്ടു  ഇരുപത്തിയെട്ടു കിലോമീറ്റര്‍ എന്നെഴുതിയ ബോര്‍ഡ്‌ കണ്ടു പിന്നെയും ഒന്നൊന്നര കിലോ മീറ്റര്‍ മുന്നോട്ടു നീക്കി വണ്ടി നിര്‍ത്തി ഓട്ടോക്കാരനോട് വഴിചോദിച്ചു.  വഴി ചോദിക്കല്‍ നമ്മുടെ ഒരു വീക്ക്‌നസ് ആണല്ലോ.. ഓട്ടോക്കാരന്‍ പറഞ്ഞു തന്ന വഴിയിലൂടെ ചെന്ന ഞങ്ങള്‍ ഒരു എണ്ണപ്പനത്തോട്ടത്തിലെത്തി.  അത്ര വിശാലമല്ലാത്ത റോഡിലൂടെ അല്ലറചില്ലറ കുഴികള്‍ താണ്ടി, വിശേഷങ്ങളും പൊട്ടിച്ചിരികളുമായി യാത്ര മുന്നോട്ടു നീങ്ങി..  അപ്പോഴും വിന്‍ഡ്‌ ഷീല്‍ഡിലേക്കുള്ള വെള്ളം ചീറ്റിക്കലും തുടച്ചു മാറ്റലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. റോഡിനു താഴെയായി ഇടതു വശത്തുകൂടെ സാമാന്യം ശക്തമായിട്ടു ചാലക്കുടിപ്പുഴ തട്ടിത്തെന്നിയൊഴുകുന്നു.  അവിടന്ന് മുന്നോട്ടു പോയ ഞങ്ങള്‍ ഡ്രീം വേള്‍ഡിനു മുന്നില്‍ വച്ച് അതിരപ്പിള്ളി ചാലക്കുടി റൂട്ടില്‍ കയറി.  അതിരപ്പിള്ളിയില്‍ എത്തിയതോടെ മഴ ചാറാന്‍ തുടങ്ങിയിരുന്നു...  മഴയാണെങ്കിലും അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ ആവശ്യത്തിനുണ്ട്..  കൂടുതലും അഭ്യന്തരവിനോദസഞ്ചാരികള്‍, മഴയത്ത്‌ കുട വരെ വാടകയ്ക്ക് നല്‍കി വഴിയോരകച്ചവടക്കാര്‍ സഞ്ചാരികള്‍ക്ക് ആശ്വാസമാവുന്നു.  ആ മഴയത്ത് പാറപ്പുറത്തു അധികം സര്‍ക്കസ്‌ കാണിക്കാതെ വെള്ളച്ചാട്ടത്തിനരികെ അല്പസമയം ചിലവഴിച്ച് കുറച്ച് ഫോട്ടോയും എടുത്ത്‌ ഞങ്ങള്‍ ആതിരപ്പിള്ളി വിട്ടിറങ്ങി.. ഈ മഴയില്‍ വാഴച്ചാലിലേക്ക് പോവാന്‍ എന്തായാലും വയ്യ.  സമയം ഒന്നരയോടടുക്കുന്നു.  വിശപ്പിന്റെ തെറിവിളി കേള്‍ക്കുന്നതിനു മുന്നേ ഏതേലും ഹോട്ടലില്‍ കയറണം. അങ്ങനെ ചാലക്കുടിയിലേക്കുള്ള വഴിയില്‍ ഒരീച്ച പോലും ഇല്ലാത്ത ഒരു ഹോട്ടലില്‍ കയറി വിഭവസമൃദ്ധമായ ഊണ് കഴിച്ചു.  ഫിഷ്‌ ഫ്രൈ ഒഴികെ എല്ലാം നല്ലതായിരുന്നു.  അവിടെ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തുടര്‍ന്ന ഞങ്ങള്‍ മണ്ണുത്തിവരെ വിശാലമായ റോഡിന്റെ സുഖസൌകര്യങ്ങളില്‍ ചീറിപ്പാഞ്ഞു.  മണ്ണുത്തി മുതല്‍ റോഡിന്റെ സ്വഭാവം മാറിത്തുടങ്ങി.  അങ്ങനെ ഒള്ള സ്ഥലം കൊണ്ട് ഓണം പോലെ രണ്ടു വശത്തേക്കും വാഹനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന നേരത്താണ് അത് സംഭവിച്ചത്‌..

റോഡിനു നടുവില്‍ മുറിച്ചു കടന്നൂടാത്ത ഇടവിടാത്ത വെള്ളവര പുല്ലുപോലെ മുറിച്ചു കടന്നു ഒരു ഇന്നോവ കാര്‍ ചീറിപ്പാഞ്ഞു ഞങ്ങളുടെ പാവപ്പെട്ട സ്വിഫ്റ്റിന് നേരെ വരുന്നു.  അവരുടെ ലക്ഷ്യം വലത്തോട്ടു വളയുന്ന ഒരു ടൂവീലറിനെ അതിന്റെ വലതു വശത്തുകൂടെത്തന്നെ ഓവര്‍ടേക്ക് ചെയ്യാനാണ് (അമ്പട മിടുക്കന്മാരേ).  നിവിനും നാവിഗേറ്റര്‍ സീറ്റിലിരിക്കുന്ന ലിബുവും ഒരു നിമിഷം മരണം മുന്നില്‍ കണ്ടു..  ഇന്നോവ നമ്മുടെ നേരെവരുന്ന വരവ് ആസ്വദിച്ച് കണ്ടു നിന്നത് കൊണ്ട് എനിക്ക് മരണത്തെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല..  കൂടെയുണ്ടായിരുന്ന വേറെരുത്തന്‍ ഇത് രണ്ടും കണ്ടില്ല എന്ന് തോന്നുന്നു.  രണ്ടു വണ്ടിയുടെയും ഡ്രൈവര്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചത് കൊണ്ടും വീട്ടിലിരിക്കുന്നവരുടെ പ്രാര്‍ത്ഥനകൊണ്ടും ഇന്നോവ ഞങ്ങളുടെ കാറിന്റെ വലതു വശത്തു നേരിയ പോറല്‍ മാത്രം ഏല്‍പ്പിച്ചു കടന്നു പോയി..  അതിനിടെ ഇതിനു രണ്ടിനും ഇടയില്‍ ഉണ്ടായിരുന്ന ടൂവീലര്‍ വലത്തോട്ടു വളയാനുള്ള ആഗ്രഹം ഉപേക്ഷിച്ച് നേരെ ഓടിയത് കൊണ്ട് അതിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഇത്തവണത്തെ ഓണം കൂടെ ഉണ്ണാനായി.  ഇന്നോവ ഡ്രൈവറുടെ അമ്മായിയമ്മയ്ക്ക് എന്തോ വായുഗുളികയോ മറ്റോ വാങ്ങാനുള്ള അത്യാവശ്യം ഉണ്ടായിരുന്നത് കൊണ്ട് അവരു നിര്‍ത്താനൊന്നും മെനക്കെടാതെ പാഞ്ഞു പോയി.. നോക്കിയപ്പോള്‍ അതിന്റെ പിന്നിലെ ബമ്പര്‍ മൊത്തം ഇളകി കിടക്കുന്നുണ്ട്.. ഈ ആക്സിഡന്റില്‍ പറ്റിയതല്ല..  ചിലപ്പോള്‍ വരുന്ന വഴി എവിടെയെങ്കിലും ഇടിച്ചശേഷം അവിടന്ന് രക്ഷപ്പെട്ടുള്ള പാച്ചില്‍ ആയിരിക്കും..  അവന്മാരെപ്പോലെ  ഞങ്ങള്‍ക്ക്‌ അങ്ങനെ തിരക്കൊന്നും ഇല്ലാതിരുന്നത് കൊണ്ട് കുറച്ചു മുന്നോട്ടു നീക്കി വണ്ടി നിര്‍ത്തി പുറത്തിറങ്ങി ഞങ്ങളുടെ വണ്ടിയുടെ പപ്പും പൂടയും ബാക്കിയുണ്ടോ എന്ന് പരിശോധിച്ചു.   ദൈവം സഹായിച്ചു ഒരു ചെറിയ സ്ക്രാച് മാത്രമേ ഒള്ളു..  നിവിനെ നെഞ്ചിന്റെ ഇടിപ്പ്‌ ഇപ്പോഴും നിന്നിട്ടില്ല..  അല്‍പ സമയം അവിടെ നിന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കിട്ട്കൊണ്ടിരിക്കെ കുറച്ചു മുന്നേ റോഡില്‍ പടമാവേണ്ട ടൂവീലര്‍ ചേട്ടന്മാര്‍ ഞങ്ങളുടെ വണ്ടിക്കരികിലൂടെ ഒന്നും സംഭവിക്കാത്ത പോലെ കടന്നു പോയി.. ഞങ്ങള്‍ വണ്ടിയെടുത്ത് യാത്ര തുടര്‍ന്നു.  രക്ഷപ്പെട്ടതിന്റെ സന്തോഷത്തിന് നിവിന്‍ വീണ്ടും വിന്‍ഡ്‌ ഷീല്‍ഡിലേക്ക് വെള്ളം ചീറ്റി വൈപ്പര്‍ കൊണ്ട് തുടച്ചു മാറ്റി!!

സസ്പെന്സുകള്‍ നിറഞ്ഞ സാഹസികയാത്ര തുടരുവാണ്....  അവിടെനിന്നു ഓരോ കുഴിയിലും കയറിയിറങ്ങി ഞങ്ങള്‍ കുതിരാന്‍ മലകയറ്റം ആരംഭിച്ചു..  കുതിരാന്‍ കയറ്റം കഠിനം പൊന്നയ്യപ്പാ എന്ന ശരണമന്ത്രവുമായി നിരങ്ങി നീങ്ങി ഒരുവിധം അത് കടന്നു കിട്ടി.  വൈകിട്ട് ഒരു നാല് നാലരയോടെ ഞങ്ങള്‍ നെന്മാറയിലേക്കുള്ള വഴിയിലേക്ക്‌ തിരിയുന്ന മംഗലംപാലം(?) എന്ന (എന്നോ മറ്റോ പേരുള്ള) സ്ഥലത്തെത്തി. സ്വപ്നനെ വിളിച്ചു.  മൂന്ന് മണിക്കെത്താം എന്ന് പറഞ്ഞ സ്വപ്നന്‍ ഇപ്പോഴും എങ്ങോട്ടോ പോവുന്ന ഏതോ ഒരു ബസ്സില്‍ ഏതു ദിശയിലേക്കെന്നുപോലും മനസിലാവാതെ യാത്ര ചെയ്യുവാണ്.  അവിടെ നിന്നും ഞങ്ങള്‍ക്ക്‌ നെന്മാറ വഴിയാണ് പോവേണ്ടത്..  സ്വപ്നന്‍ ഇനിയും എത്തിച്ചേരാത്ത അവസരത്തില്‍ സ്വപ്നനെ തേടി ഞങ്ങള്‍ പാലക്കാട്ടെക്ക് പോവണമോ അതോ സ്വപ്നന്‍ വരുന്നത് വരെ ഇവിടെ കാത്തിരിക്കണമോ.. റിയാലിറ്റി ഷോയിലെ അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളില്‍ കേള്‍പ്പിക്കുന്ന പോലുള്ള ബാക്ഗ്രൌണ്ട് മ്യൂസിക്കില്‍ ഞങ്ങള്‍ റോഡു വക്കില്‍ തീരുമാനമാവാതെ സ്തംഭിച്ചു നിന്നു.

(തുടരും)

No comments: